ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാൻ VB-G RAM G
June 24, 2026
ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാൻ VB-G RAM G
ജൂലൈ 1 മുതൽ ഭാരതം മുഴുവനായി വരുന്നു! പദ്ധതി നടത്താൻ 2026-27 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് 95,692.31 കോടി രൂപ ബജറ്റിൽ വകയിരുത്തിട്ടുണ്ട്.
ഇന്ത്യൻ ഗ്രാമങ്ങളിൽ പുതിയൊരു തൊഴിൽ വിപ്ലവത്തിന് തുടക്കമാകുന്നു. നിലവിലുള്ള MGNREGA-യ്ക്ക് പകരമായി കൂടുതൽ ആനുകൂല്യങ്ങളും സുതാര്യതയും ഉറപ്പുനൽകുന്ന VB-G RAM G (വികസിത് ഭാരത് ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി) നിയമം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരികയാണ്.
എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?
കൂടുതൽ തൊഴിൽ ദിനങ്ങൾ: നിലവിലെ 100 ദിവസത്തിന് പകരം ഇനി പ്രതിവർഷം 125 ദിവസത്തെ ഗ്യാരണ്ടീഡ് തൊഴിൽ.
പുതിയ നിയമപ്രകാരം, അവിദഗ്ധ തൊഴിൽ ചെയ്യാൻ സന്നദ്ധരായ മുതിർന്ന (18 വയസ്സിനു മുകളിൽ പ്രായമുള്ളവർ) അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഓരോ സാമ്പത്തിക വർഷവും 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ നിയമപരമായ ഗ്യാരണ്ടിയായി ലഭിക്കാൻ അർഹതയുണ്ട്. ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമതലത്തിലുള്ള സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനുമാണ് ഈ മെച്ചപ്പെടുത്തിയ തൊഴിലുറപ്പ് ലക്ഷ്യമിടുന്നത്. വേഗത്തിലുള്ള നിയമനം: അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ ജോലി ഉറപ്പ്.
തൊഴിലാളികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അവർക്ക് തൊഴിൽ നൽകും. ഇതിൽ വീഴ്ച വരുത്തിയാൽ, നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊഴിലില്ലായ്മ വേതനം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും. അരികിൽ തൊഴിൽ: സ്വന്തം ഗ്രാമത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ തന്നെ ജോലി ലഭിക്കും.
വേതന സുരക്ഷ: വേതനം വൈകിയാൽ ഓരോ ദിവസത്തിനും 0.05% നഷ്ടപരിഹാരം. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്.
സമയബന്ധിതവും സുതാര്യവുമായി വേതനം നൽകുന്നതിന് ഈ നിയമം വലിയ പ്രാധാന്യം നൽകുന്നു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (Direct Benefit Transfer) വഴി തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം കൈമാറുന്നത് തുടരും. ആഴ്ചതോറും അല്ലെങ്കിൽ മസ്റ്റർ റോൾ അവസാനിപ്പിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ വേതനം നൽകേണ്ടതാണ്. ഇതിൽ കാലതാമസമുണ്ടായാൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരത്തിന് തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ: തൊഴിലിടങ്ങളിൽ കുടിവെള്ളം, വിശ്രമകേന്ദ്രം, പ്രഥമശുശ്രൂഷ എന്നിവ നിർബന്ധം.
പുതിയ കാർഡുകൾ: നിലവിലെ ജോബ് കാർഡുകൾ, ഇ-കെവൈസി വഴി പുതിയ 'ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകളായി' മാറും.
2026-27 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് 95,692.31 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് ഗ്രാമീണ തൊഴിൽ പദ്ധതിക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിഹിതമാണ്. സംസ്ഥാനങ്ങളുടെ വിഹിതം കൂടി ഉൾപ്പെടുത്തിയാൽ, പദ്ധതിയുടെ ആകെ ചെലവ് 1.51 ലക്ഷം കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കുന്നത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) കീഴിലുള്ള തൊഴിൽ, തടസ്സമില്ലാതെ തുടരും. ജൂൺ 30 വരെയുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലുള്ള പ്രവൃത്തികൾ പുതിയ ചട്ടക്കൂടിലേക്ക് സുഗമമായി മാറ്റുന്നതാണ്. ഗ്രാമീണ തൊഴിലാളികൾക്ക് ജോലി സമയബന്ധിതമായി ലഭ്യമാക്കുന്നതിനും വേതനം വേഗത്തിൽ നൽകുന്നതിനും ഗവൺമെന്റ് മുൻഗണന നൽകുന്നു. പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിൽ അർഹരായ ഒരു ഗ്രാമീണ കുടുംബത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, ആവശ്യകതയ്ക്കും ഫീൽഡ് തലത്തിലെ ആവശ്യങ്ങൾക്കും അനുസൃതമായി ഗവൺമെന്റ് മതിയായ ലേബർ ബജറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
നിലവിലുള്ള ഇ-കെവൈസി പരിശോധിച്ചുറപ്പിച്ച തൊഴിലുറപ്പ് ജോബ് കാർഡുകൾ, ഗ്രാമീണ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകൾ നൽകുന്നത് വരെ പുതിയ പദ്ധതിയിലും സാധുവായിരിക്കും. ജോബ് കാർഡുകൾ ഇല്ലാത്ത തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യുന്നത് തുടരാം. ഇ-കെവൈസി പൂർത്തിയാകാത്തതിന്റെ പേരിൽ മാത്രം തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കില്ല. ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ സംസ്ഥാന ഗവൺമെന്റുകൾ ഫീൽഡ് തലത്തിൽ തുടർന്നും നൽകുന്നതാണ്.
ലക്ഷ്യം വികസിത ഭാരതം! വെറും തൊഴിൽ നൽകുക എന്നതിലുപരി, ഗ്രാമസഭകൾ അംഗീകരിക്കുന്ന പ്ലാനുകളിലൂടെ സുസ്ഥിരമായ നിർമിതികൾക്കും ജലസുരക്ഷ പ്രവർത്തനങ്ങൾക്കും ഈ പദ്ധതി ലക്ഷ്യമിടുന്നു.