മാലിന്യ സംസ്കരണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തം - യു കെ സൈഫുള്ള തങ്ങള്.
September 23, 2026
മാലിന്യ സംസ്കരണം എന്നത് സര്ക്കാരിന്റെ മാത്രം ബാധ്യതയല്ലെന്നും ഓരോ പൗരന്റേയും ഉത്തരവാദിത്തം കൂടിയാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങള്.
മഞ്ചേശ്വരം ബ്ലോക്കിലെ ജനപ്രതിനിധികള്ക്കായി കില നടത്തുന്ന ഖരമാലിന്യ സംസ്കരണ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഖര മാലിന്യ ചട്ടങ്ങൾ-2026 എന്ന വിഷയം ആസ്പദമാക്കി ജനപ്രതിനിധികളുടെയും പഞ്ചായത്തുകളുടേയും ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച വിശദമായ പരിശീലനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്ക്കും മഞ്ചേശ്വരം, മംഗല്പാടി, വൊര്ക്കാടി എന്നീ ഗ്രാമപഞ്ചായത്ത് അംഗങ്ങള്ക്കുമായി ആദ്യ ഘട്ട പരിശീലനം നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമലാക്ഷി അധ്യക്ഷയായ ഉദ്ഘാടന ചടങ്ങളില് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പെഴ്സണ്മാരായ മോഹന് റായ്, ഹനീഫ് കുഞ്ചത്തൂര്, വൊര്ക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മരികെ എന്നിവര് സംസാരിച്ചു.
കിലയുടെ ജില്ലാ കോര്ഡിനേറ്റര് വി കെ രാമചന്ദ്രന് ആമുഖ പ്രസംഗം നടത്തി. മുഹമ്മദ് നജീബ് എം എ, വെങ്കിടേശ്വര് ഭട്ട്, വിജയന് മാസ്റ്റര്, അബ്ദുള് ബഷീര് പി, ഷരീഫ് കൊടവഞ്ചി എന്നിര് ഖരമാലിന്യ സംസ്കരണ ചട്ടം 2026, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങൾ, ഗ്രാമപഞ്ചായത്തുകളിലെ ഖരമാലിന്യ വിടവ് കണ്ടെത്തലും പരിഹാരങ്ങളും, നിർവഹണം,നിരീക്ഷണം,നിയമപാലനം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകള് നയിച്ചു.